റിസര്‍വ് ബാങ്കിനെതിരെ വീണ്ടും ആര്‍എസ്എസ്

single-img
16 November 2018

സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് ആര്‍.ബി.ഐയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതാവ് എസ്.ഗുരുമൂര്‍ത്തി. 9.6 ലക്ഷം കോടിയാണ് ആര്‍.ബി.ഐയുടെ കരുതല്‍ ധനശേഖരം. ലോകത്ത് മറ്റൊരു കേന്ദ്രബാങ്കും ഇത്രയും തുക കരുതല്‍ ധനമായി സൂക്ഷിക്കാറില്ലെന്നും ബോര്‍ഡംഗം കൂടിയായ ഗുരുമൂര്‍ത്തി കുറ്റപ്പെടുത്തി.

റിസര്‍വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് വിമര്‍ശനവുമായി വീണ്ടും ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പാണു ഗുരുമൂര്‍ത്തിയെ ആര്‍ബിഐ സ്വതന്ത്ര ഡയറക്ടറാക്കിയത്.

അടുത്തയാഴ്ച നിര്‍ണായകമായ ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ്, ആര്‍ബിഐ 9.59 ലക്ഷം കോടി രൂപ കരുതല്‍ധനം സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയത്. ബാങ്കുകളിലെ വായ്പാ ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും കിട്ടാക്കടമായി പരിണമിച്ചേക്കാവുന്ന വായ്പകള്‍ക്കായി ഫണ്ട് നീക്കിവെക്കുന്നതിനുള്ള നയം രൂപീകരിക്കുന്നതുമടക്കമുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കാത്ത ആര്‍ബിഐയുടെ നിലപാടിനെ ഗുരുമൂര്‍ത്തി വിമര്‍ശിച്ചു.

2009 മുതല്‍ കിട്ടാക്കടം പെരുകുന്നു. 2014 ആയപ്പോള്‍ കിട്ടാക്കടത്തിന്റെ കാര്യത്തില്‍ എന്തിന് നയം മാറ്റി. വായ്പ കൊടുത്ത ഘട്ടത്തില്‍ വായ്പ കൊടുത്തവരെക്കുറിച്ച് പറയാതെ ഇപ്പോള്‍ നിങ്ങള്‍ കൊടുത്തു എന്നാണ് പറയുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടാണ് നിങ്ങള്‍ നല്‍കി എന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രമമല്ലാത്തതും പൊരുത്തപ്പെടാത്തവുമായ ഏത് നയവും ആഘാതമുണ്ടാക്കും. അവിടെ പ്രതിസന്ധിയും സൃഷ്ടിക്കും. ഒരു നയത്തിലൂടെ പ്രതിസന്ധി ഒഴിവാക്കാനും അതേ നയത്തിലൂടെ പ്രതിസന്ധി സൃഷ്ടിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ബിഐ അന്ധമായി അമേരിക്കയെ പിന്തുടരരുതെന്നും ജപ്പാനിലെ ബാങ്കുകളെ പോലെ ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. അമേരിക്കയെ നയിക്കുന്നത് വിപണികളാണ്. വ്യവസായങ്ങള്‍ മൂലധനം കണ്ടെത്തുന്നതിന് അമരിക്കയില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളെ ആശ്രയിക്കുമ്പോള്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ബാങ്കുകളെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം വ്യക്താക്കി.

കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഒട്ടും സന്തോഷമുള്ള കാര്യങ്ങളല്ല നടക്കുന്നതെന്നായിരുന്നു പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനത്തെയും ഗുരുമൂര്‍ത്തി പുകഴ്ത്തി. കിട്ടാക്കട ബാധ്യത 12–18.76 ശതമാനമായി നിര്‍ത്തണം. നിലവിലിത് 27–28 ശതമാനമാണ്. കിട്ടാക്കട നിരക്കു പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍ രൂപയുടെ മൂല്യം ഇടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.