വന്ധ്യതയ്ക്ക് പരിഹാരം തേടിയെത്തിയ വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു

single-img
16 November 2018

മഹാരാഷ്ട്രയിലെ വിരാറില്‍ ഒരു വര്‍ഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആള്‍ദൈവം അറസ്റ്റില്‍. അജയ് ഹരിപദ് ചൗധരിയെയാണ് (45) വിഹാറിലുള്ള വസതിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വന്ധ്യതാ ചികിത്സയ്ക്കായി അടുത്തെത്തിയ മുപ്പത്തേഴുകാരിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനത്തെ എതിര്‍ത്തപ്പോഴെല്ലാം കുടുംബത്തില്‍ വലിയ അത്യാപത്ത് സംഭവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ വെളിപ്പെടുത്തുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നൈഗോള്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായ വീട്ടമ്മ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് പ്രസവിക്കാനായില്ല. അങ്ങനെയാണ് ആള്‍ദൈവത്തിന് അടുത്തെത്തുന്നത്. പ്രത്യേക പൂജകള്‍ ചെയ്താല്‍ ഗര്‍ഭം ധരിക്കുമെന്ന് ചൗധരി ഉറപ്പുനല്‍കി.

ചൗധരിയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ യുവതിക്ക് പൂജിച്ച വെള്ളം നല്‍കി. ഇത് കുടിച്ച യുവതി ബോധരഹിതയായതോടെ ചൗധരി ബലാത്സംഗം ചെയ്തു. മാസങ്ങളോളം ചൗധരിയുടെ പീഡനത്തിന് ഇരയായ ശേഷമാണ് യുവതിയ്ക്ക് താന്‍ പീഡനത്തിന് ഇരയായെന്ന കാര്യം മനസിലായത്.

സംഭവങ്ങള്‍ ആരോടെങ്കിലും തുറന്ന് പറഞ്ഞാല്‍ ആഭിചാരം ചെയ്ത് കൊല്ലുമെന്ന് ചൗധരി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി. പിന്നീട് ധൈര്യം സംഭരിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി അജയ് ചൗധരി ബംഗാളി ബാബ എന്ന പേരില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായി വിരാറില്‍ താമസിക്കുന്നു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഇസ്‌ക്പൂര്‍ സ്വദേശിയാണ് ഇയാള്‍. തനിക്ക് കലികാ മാതായുടെ അനുഗ്രഹമുണ്ടെന്നാണ് ഇയാള്‍ ഇവിടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

നിരവധി ഭക്തരാണ് പൂജയ്ക്കും അനുഗ്രഹത്തിനുമായി ഇയാളുടെ അടുത്തെത്തുന്നത്. ബംഗാളി ബാബയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്.