രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന

single-img
16 November 2018

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ രഹന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോനാണ് പരാതി നല്‍കിയത്.

തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രഹന ശബരിമല സന്ദര്‍ശിക്കാനെത്തിയത് വന്‍ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹനയ്ക്ക് ശബരിമലയില്‍ പ്രവേശിക്കാനായില്ല. ഇവര്‍ ശബരിമല സന്ദര്‍ശിക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇവര്‍ താമസിക്കുന്ന പനംപള്ളി നഗര്‍ ഫ്‌ലാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.