സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കടക്കരുത്; കേന്ദ്രസര്‍ക്കാറുമായി പുതിയ പോര്‍മുഖം തുറന്ന് ആന്ധ്രസര്‍ക്കാര്‍

single-img
16 November 2018

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. അഴിമതിക്കേസുകള്‍ ഇനി സംസ്ഥാന സര്‍ക്കാരിനു കീഴിലെ അഴിമതി വിരുദ്ധ ബ്യൂറോ അന്വേഷിക്കും.

സംസ്ഥാനത്ത് റെയ്ഡുകള്‍ നടത്തണമെങ്കില്‍ സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പ്രവര്‍ത്തനം വിലക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. സിബിഐയുടെ വിശ്വാസ്യത നഷ്ടമായെന്നും കേന്ദ്ര സര്‍ക്കാര്‍ സിബിഐ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നുമാണ് ചന്ദ്രബാബു നായ്ഡുവിന്റെ നിലപാട്.

അഴിമതിക്കേസുകളില്‍ എംപിമാരടക്കം ടി ഡി പി നേതാക്കള്‍ സി ബി ഐ അന്വേഷണം നേരിടുകയാണ്. ചന്ദ്രബാബു നായ്ഡു ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ സിബിഐ അന്വേഷണം ഊര്‍ജിതമായി. ആന്ധ്ര സര്‍ക്കാരിന്റെ നടപടിയോട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും നടത്താമെന്ന അനുമതി പിന്‍വലിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ ആന്ധ്രാപ്രദേശിന്റെ അധികാര പരിധിക്കുള്ളില്‍ നടക്കുന്ന കേസുകളില്‍ സി.ബി.ഐക്ക് ഇടപെടാന്‍ ആവില്ല.

മുമ്പ് ഛത്തീസ്ഡഢ് സര്‍ക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സി.ബി.ഐ അതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതി വിധിച്ചത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിലും ഒരു കേസ് നിലവിലുണ്ട്.