ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയില്‍ 35 അംഗ മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി

single-img
16 November 2018

തീര്‍ഥാടനത്തിന് ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളി സംഘം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങി. പ്രായമായവരും 15 വനിതകളും ഉള്‍പ്പെട്ട 35 അംഗ സംഘമാണ് കുടുങ്ങിയത്. 14നു രാവിലെ കുവൈത്തില്‍ എത്തിയ ഇവരുടെ തുടര്‍ യാത്രക്കുള്ള വിമാനം റദ്ദാക്കപ്പെട്ടതിനാല്‍ ഇവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.

അഞ്ച് മണിക്കൂറിന് ശേഷം പുറത്തിറങ്ങിയെങ്കിലും പ്രളയം കാരണം വിമാനത്താവളം ഏകദേശം 12മണിക്കൂറോളം അടച്ചിട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. അതിനിടെ വിമാനത്താവളം തുറന്നുവെങ്കിലും കുവൈത്ത് എയര്‍വെയ്‌സ് ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ പലതും യാത്ര റിഷെഡ്യൂള്‍ ചെയ്തതിനാല്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് സംഘം.

പലരുടെയും അത്യാവശ്യ മരുന്നുകള്‍ ബഗേജിനകത്ത് ആയതിനാല്‍ മരുന്ന് കഴിക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ലഭിക്കുന്നില്ലെന്ന് സംഘം പറഞ്ഞു. നവംബര്‍ അഞ്ചിനാണ് ഫാ.ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തിലുള്ള സംഘം വിശുദ്ധനാട് സന്ദര്‍ശിക്കാനായി പുറപ്പെട്ടത്. ഗ്രാന്‍ ഹോളിഡേയ്‌സ് ആണ് യാത്ര സംഘടിപ്പിച്ചത്.