തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, ഇപ്പോള്‍ ബി.ജെ.പിക്കാരി; മടങ്ങിപ്പോകാന്‍ ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറയേണ്ട കാര്യമേയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
16 November 2018

കോണ്‍ഗ്രസും ബിജെപിയും പറഞ്ഞാല്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മടങ്ങിപ്പോകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി ദേശായി പഴയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. പിന്നീട് അവര്‍ ബി.ജെ.പിയുമായി സഖ്യമായി.

അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ പറഞ്ഞാല്‍ അവര്‍ കൊച്ചിയില്‍ നിന്നും മടങ്ങിപ്പോയ്‌ക്കോളുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അവരോടു മടങ്ങിപ്പോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി നിലയ്ക്കലില്‍വച്ചു കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വിമാനത്താവളത്തില്‍ നടക്കുന്നതു പ്രാകൃത പ്രതിഷേധമാണ്. തൃപ്തി ദേശായി കൊച്ചിയില്‍ എത്തി ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നു എന്ന വാര്‍ത്തയാണ് രാവിലെ മുതല്‍ കേള്‍ക്കുന്നത്. സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് അവര്‍ വന്നിരിക്കുന്നത്.

സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് കേരള മുഖ്യമന്ത്രിക്ക് നല്‍കിയത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടത് – കടകംപള്ളി പറഞ്ഞു.

നിലവില്‍ ബിജെപി നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. തങ്ങള്‍ക്ക് സുവര്‍ണാവസരം ലഭിച്ചുവെന്ന പി.എസ്.ശ്രീധരന്‍പിള്ളയുടെ വാക്കിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍. ശബരിമല ദര്‍ശനത്തിന് സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിച്ച്‌ കൊണ്ടുവരുന്നില്ല. പക്ഷേ, സുപ്രീംകോടതിയുടെ വിധിയുടെ പിന്‍ബലത്തില്‍ ആരെങ്കിലും വന്നാല്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു.

അതേസമയം പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്ര വലിയ പ്രതിഷേധം നടക്കുന്ന് ഇതാദ്യമാണ്. കനത്ത സുരക്ഷാ മേഖലയാണു വിമാനത്താവളും പരിസര പ്രദേശങ്ങളും. യാതൊരു വിധത്തിലുള്ള സംഘം ചേരലുകളോ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിക്കലോ ഇവിടെ അനുവദിക്കാറില്ല.

സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് വിമാനത്താളത്തിലെ സുരക്ഷ. സീനിയര്‍ കമാന്‍ഡന്റിന്റെ് കീഴില്‍ അറുന്നൂറോളം സിഐഎസ്എഫ് ഭടന്മാുരാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഇവിടെയുണ്ട്. ഒരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചയും വിമാനത്താവള പരിസരത്ത് അനുവദിക്കാറില്ല.

ഗേറ്റിനു പുറത്തു മാത്രമാണു സാധാരണ ഗതിയില്‍ ചെറിയ രീതിയിലെങ്കിലും പ്രതിഷേധം ഉണ്ടാകാറുള്ളത്. പ്രധാന ഗെയിറ്റിന് ഉള്ളിലേക്ക് പ്രതിഷേധക്കാരെ കയറ്റിവിടാറേയില്ല. തൃപ്തി ദേശായിയുടെ വരവുമായി ബന്ധപ്പെട്ട് വിമാനത്താവള പരിസരത്ത് ഇത്രയധികം പ്രതിഷേധം ഉയരുമെന്ന് അധികൃതരും പ്രതീക്ഷിച്ചില്ലെന്നാണു കരുതുന്നത്.