യു.എ.ഇയിലുള്ളവര്‍ക്കും ‘ഗൂഗിള്‍ പേ’യിലൂടെ ഇനി പണമിടപാട് നടത്താം

single-img
16 November 2018

ആന്‍ഡ്രോയിഡ് വഴി ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ പുതിയ പേയ്‌മെന്റ് സംവിധാനം ഗൂഗിള്‍ പേ യു.എ.ഇ.യിലുമെത്തി. എമിറേറ്റ്‌സ് എന്‍.ബി.ഡി, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക്, മഷ്‌റഖ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായിട്ടാണ് ആദ്യഘട്ടത്തില്‍ ഗൂഗിള്‍ കരാറുണ്ടാക്കിയിരിക്കുന്നത്.

മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകള്‍ സ്വന്തമായുള്ള ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കാം. ആപ്പിള്‍ പേ, സാംസങ് പേ, ഫിറ്റ് ബിറ്റ് പേ തുടങ്ങി ആപ്ലിക്കേഷനുകള്‍ നിലവില്‍ യു.എ.ഇയിലുണ്ട്. ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് എളുപ്പത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഗൂഗിള്‍ പേ വഴി സാധിക്കും.

ഗൂഗിള്‍ പേ ഉപയോഗിച്ചുള്ള എല്ലാ സേവനങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വമാണ് ഗൂഗിള്‍ ഉറപ്പ് നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ സൂക്ഷിക്കേണ്ട എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മാത്രമല്ല 300 ദിര്‍ഹത്തിന് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മറ്റൊരു പിന്‍നമ്പര്‍ കൂടി നല്‍കണം. ഇത് സുരക്ഷ ഇരട്ടിയാക്കുന്നു.