തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ഗജ ചുഴലിക്കൊടുങ്കാറ്റ്; വീടുകള്‍ തകര്‍ന്നു; ആറ് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

single-img
16 November 2018

തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റില്‍ ആറ് പേര്‍ മരിച്ചു. നാഗപള്ളത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇവിടെ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. 76,290 പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്.

ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമന്തപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാംപുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം 12.30ഓടെ വീശിത്തുടങ്ങിയ കാറ്റ് രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. ചുഴലിക്കാറ്റില്‍ തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുകയും ചെയ്തു.

തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് ‘ഗജ’ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്‌നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തില്‍ നിന്ന് 510 കിലോമീറ്റര്‍ അകലെ എത്തിച്ചേര്‍ന്ന കാറ്റ് വ്യാഴാഴ്ച പകല്‍ കരുത്താര്‍ജിക്കുകയായിരുന്നു. മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റര്‍ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അര്‍ധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു.

നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുന്‍ കരുതല്‍ നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആര്‍.ബി. ഉദയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്പനികള്‍ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. വാഹനഗതാഗതവും നിര്‍ത്തിവെച്ചു.