ലിഫ്റ്റിനുള്ളില്‍ നാലുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ആഭരണം കവര്‍ന്ന യുവതി അറസ്റ്റില്‍; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
16 November 2018

ലിഫ്റ്റിനുള്ളില്‍ നാലുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മോഷണം നടത്തിയ യുവതി അറസ്റ്റില്‍. റിസ്വാന ബീഗമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. മുംബൈയിലെ ട്രോംബേയില്‍ വ്യാഴാഴ്ചയാണ് സംഭവം. ലിഫ്റ്റില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ നിലയില്‍ നാലുവയസുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

ലിഫ്റ്റില്‍ തനിച്ച് എത്തിയ പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും തല്ലിയതിന് ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇവര്‍ കയറി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുശേഷമാണ് പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഇവര്‍ ഊരിയെടുത്തത്.

ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് ശേഷം റിസ്വാനയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.