നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവരെ ‘കുരുക്കി’ പോലീസ്

single-img
16 November 2018

നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച വിമാനത്താവളത്തില്‍ മുദ്രവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തതിനാണ് കേസ്.

അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ചയാണ് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെപി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

അതേസമയം തൃപ്തി ദേശായിക്കെതിരായ പ്രതിഷേധം വിമാനത്താവള പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി സിയാല്‍ രംഗത്തെത്തിയിരുന്നു. ആശങ്ക വിമാനത്താവള അധികൃതര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരും സിയാല്‍ എംഡി അടക്കമുള്ളവരും കൂടിക്കാഴ്ച നടത്തി.

ആഭ്യന്തരവകുപ്പിനെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചതായും സിയാല്‍ എംഡി പറഞ്ഞു. സ്വന്തം നിലയില്‍ വാഹന, താമസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണെങ്കില്‍ തൃപ്തിയെ വിമാനത്താവളത്തിന് പുറത്തെത്തിക്കാമെന്നാണ് പൊലീസ് നല്‍കിയ ഉറപ്പ്.

രാവിലെ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി ആളുകളാണ് വിമാനത്താവളത്തിനു പുറത്ത് പ്രതിഷേധിക്കാനെത്തിയിരിക്കുന്നത്. ഈ അവസ്ഥയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപൊകാനാകില്ലെന്നാണ് സിയാല്‍ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ മറികടന്ന് തൃപ്തിയെ പുറത്തെത്തിക്കുക എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യം ആയിരിക്കും. അതിന് പൊലീസിന് സാധിക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാവിലെ തൃപ്തിയെ കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തെത്തിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ ഇവിടെയും എത്തിയതിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.

ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായി പത്തുമണിക്കൂറിനുശേഷവും നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടരുകയാണ്. പുറത്തിറങ്ങുന്നത് തടഞ്ഞ് ബിജെപിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ നാമജപ പ്രതിഷേധവുമായി ഇപ്പോഴും വിമാനത്താവളത്തിലുണ്ട്. തൃപ്തിയെ അനുനയിപ്പിച്ച് തിരികെ അയയ്ക്കാനുള്ള പൊലീസ് നീക്കവും വിജയിച്ചില്ല. ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃപ്തി.