തൃപ്തിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി, പിണറായിയുടെ ഫോണ്‍ പരിശോധിക്കണമെന്ന് എ.എന്‍.രാധാകൃഷ്ണന്‍; പ്രശ്‌നം വഷളാക്കിയത് കോടിയേരിയും പിണറായിയുമെന്ന് രാഹുല്‍ ഈശ്വര്‍

single-img
16 November 2018

ശബരിമല സന്ദര്‍ശിച്ച് ആചാരം തെറ്റിക്കാന്‍ തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍

തൃപ്തി ദേശായിയുടേയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെയും ടെലിഫോണ്‍ കോളുകള്‍ പരിശോധിക്കണം. ആചാരം ലംഘിക്കാനായി തൃപ്തിയെ പിണറായി വിളിച്ചുവരുത്തുകയായിരുന്നു. അതിനാല്‍ തന്നെ ഒരു കാരണവശാലും തൃപ്തി ദേശായിയെ ശബരിമലയിലൊ, അയ്യപ്പന്റെ പൂങ്കാവനത്തിലൊ കാലുകുത്തിക്കാന്‍ അനുവദിക്കില്ലെന്നും എ.എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതിനിടെ, ശബരിമാലയില്‍ വേണ്ടത്ര സൗകര്യമൊരുക്കാതെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തരോട് യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കിയാല്‍ അതിന് സുപ്രീംകോടതിയില്‍ വിലയുണ്ടാകും. ജനുവരി 22 വരെ സ്ത്രീകളെ കയറ്റാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ആക്ടിവിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് ശബരിമലയില്‍ കയറാന്‍ സാധിക്കൂവെന്നും രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു.

ശബരിമല യുവതീ പ്രവേശനത്തിന് പിണറായി വിജയനും കോടിയേരിയും മാത്രമാണ് പിടിവാശി കാണിക്കുന്നത്. ഇവരുടെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. രാഷ്ട്രീയമായി ഇതിനെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ക്ഷേത്ര പ്രവേശനവുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

നിയമം അനുവദിച്ച് നല്‍കുന്ന ലക്ഷ്മണ രേഖയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള നിലപാടാണ് ഇത്. കോടതി അലക്ഷ്യമാവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നത്. കള്ളക്കേസ് എടുത്താണ് കഴിഞ്ഞ തവണ തന്നെ അറസ്റ്റ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.