ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി ബാലന്‍ വിമാനത്തില്‍ മരിച്ചു; വിമാനം അടിയന്തരമായി ഇറക്കി

single-img
15 November 2018

ഉംറ തീര്‍ഥാടനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന നാല് വയസുള്ള മലയാളി ബാലന്‍ വിമാനത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസില്‍ മുഹമ്മദലി ജുബൈരിയ ദമ്പതികളുടെ മകന്‍ യഹ്‌യ ആണ് മരിച്ചത്. നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത കുട്ടിയായിരുന്നു യെഹിയ.

അപസ്മാരരോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. സൗദിയില്‍നിന്ന് തിരികെ നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദുരന്തം. ജിദ്ദയില്‍നിന്നും കോഴിക്കോട്ടേയ്ക്കു ഒമാന്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ കുട്ടിയും കുടുംബവും വരികയായിരുന്നു. കുട്ടിക്ക് രോഗംമൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം അബുദാബിയില്‍ അടിയന്തരമായി വിമാനം ഇറക്കി.

വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിക്ക് അപസ്മാരം ഉണ്ടായത്. മാതാപിതാക്കളും ബന്ധുക്കളും അടക്കം 13 അംഗ സംഘത്തിനൊപ്പമാണ് യെഹിയ ഉംറ തീര്‍ഥാടനത്തിന് എത്തിയത്. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.