സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരേ ആക്രമണം; കാവിനിറത്തിലുള്ള ഗുണനചിഹ്നങ്ങള്‍

single-img
15 November 2018

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. വാതിലിന് മുന്നില്‍ കാവിനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണനചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

നേരത്തെ സംഘപരിവാര്‍ ഫേസ്ബുക്ക് പേജില്‍ നിന്ന് സുനില്‍.പി.ഇളയിടത്തിന് നേരെ വധഭീഷണിയുണ്ടായിരുന്നു. ഫേസ്ബുക്കിലെ സുദര്‍ശനം എന്ന ഗ്രൂപ്പിന്റെ പേജില്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിയിട്ടുള്ള കമന്റിലാണ് അസഭ്യവര്‍ഷവും ഭീഷണിയും ഉയര്‍ന്നത്.

ഹിന്ദുക്കള്‍ക്കെതിരേ തുടര്‍ച്ചയായി സംസാരിക്കുന്ന ഇയാള്‍ ഭൂമിക്ക് ഭാരമാണെന്നാണ് കമന്റില്‍ കുറിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങള്‍ നടത്തുന്നതാണ് സുനില്‍ പി. ഇളയിടത്തിനെതിരേയുള്ള പ്രകോപനത്തിനു കാരണം. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള ആചാര്യന്മാരെ ആധികാരികമായി ഉദ്ധരിച്ചാണ് പ്രഭാഷണങ്ങള്‍ നടത്തുന്നതും. ഭീഷണിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.