വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം; സര്‍വ്വകക്ഷിയോഗത്തിന് വന്ന് വെറുതെ സമയം കളഞ്ഞെന്ന് ശ്രീധരന്‍പിളള

single-img
15 November 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പരാജയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞുവെന്നും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നേരത്തേ തീരുമാനം എടുത്തുകൊണ്ടാണ് യോഗത്തിനെത്തിയത്. ജനാധിപത്യ രാജ്യത്ത് ജനഹിതത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിനാശകാലേ വിപരീത ബുദ്ധിയാണ് സര്‍ക്കാരിന്റേതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

എല്ലാ കക്ഷികളെയും വിളിച്ചുകൂട്ടി ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ എടുക്കാന്‍ പാടില്ലെന്നും ശ്രീധരന്‍പിളള പറഞ്ഞു. മതവിശ്വാസം അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ധിക്കാരപരമായ, ജനഹഹിതം മാനിക്കാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ നിലയില്‍ വിശ്വാസികള്‍ മുന്നോട്ട് പോകും. ഇത് സുപ്രീംകോടതിയോടോ നിയമവ്യവസ്ഥയോടോ ഉള്ള വെല്ലുവിളിയായി കണക്കാക്കരുത്. ശബരിമലയില്‍ വിശ്വാസികളാണ് ആത്യന്തിക വിധികര്‍ത്താക്കളെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇതിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.