43 മാസത്തെ നീണ്ട കാത്തിരിപ്പിനുശേഷം കരിപ്പൂരില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു; ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍

single-img
15 November 2018

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ 5 സര്‍വീസ് ജിദ്ദയിലേക്കും 2 സര്‍വീസ് റിയാദിലേക്കും നടത്താന്‍ ജിദ്ദയില്‍ ചേര്‍ന്ന സൗദി എയര്‍ലൈന്‍സ് അധികൃതരുടെ യോഗത്തില്‍ തീരുമാനം. സര്‍വീസുകളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദിലേക്കും മറ്റു ദിവസങ്ങളില്‍ ജിദ്ദയിലേക്കുമാണു സര്‍വീസ്.

കോഴിക്കോട് നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ ഉച്ചയ്ക്ക് 12.50 ന് കരിപ്പൂരില്‍ നിന്നും പുറപ്പെടും. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 3.10 നും റിയാദില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കും പുറപ്പെടുന്ന വിമാനങ്ങള്‍ കാലത്ത് 11 മണിക്ക് കരിപ്പൂരിലെത്തും. കൊച്ചിയില്‍ നിന്നുള്ള രണ്ടു സര്‍വീസുകളില്‍ ഒന്നാണ് ഇപ്പോള്‍ കരിപ്പൂരിലേക്ക് മാറ്റുന്നത്.

ഡിസംബര്‍ 3ന് തുടങ്ങാന്‍ ആയിരുന്നു ധാരണയെങ്കിലും 4ന് ആരംഭിക്കാനാണ് ഇന്നലത്തെ യോഗത്തില്‍ തീരുമാനമായത്. വലിയ വിമാനങ്ങളുടെ ശ്രേണിയില്‍പെട്ട, 298പേര്‍ക്കു സഞ്ചരിക്കാവുന്ന എയര്‍ബസ് 330–300 വിമാനമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്കു സര്‍വീസിന് എത്തിക്കുന്നത്.

കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ 341 പേര്‍ക്കു സഞ്ചരിക്കാവുന്ന ബോയിങ് 777–200 ഇആര്‍ വിമാനം എത്തിക്കും. റണ്‍വേ നവീകരണത്തിന്റെ പേരില്‍, 2015 മേയ് 1ന് വലിയ വിമാനങ്ങള്‍ പിന്‍വലിച്ച ശേഷം കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള ആദ്യ സര്‍വീസുമായാണു സൗദി എയര്‍ലൈന്‍സ് എത്തുന്നത്.

പ്രവാസികള്‍ക്കു പുറമെ, ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ സര്‍വീസ്. റിയാദിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗദി എയര്‍ലൈന്‍സ്‌കൂടി എത്തുന്നതോടെ കൂടുതല്‍ ആശ്വാസമാകും.