‘തൃപ്തി ദേശായിയോ? ആരാണ് അവര്‍; അവര്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ’; വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പിണറായി

single-img
15 November 2018

തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

തൃപ്തി മുമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്നും നിങ്ങളല്ലേ(മാധ്യമപ്രവര്‍ത്തകര്‍)അവര്‍ ആരാണെന്ന് അന്വേഷിക്കേണ്ടവരെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പ്രത്യേക സുരക്ഷ അനുവദിച്ചില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞിരുന്നു. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമാണെന്നും അവര്‍ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനു നല്‍കിയ കത്തില്‍ മറുപടി കിട്ടിയിട്ടില്ല. തനിക്കൊപ്പം ആറ് സ്ത്രീകളും ദര്‍ശനം നടത്തുന്നതു കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടതെന്നും തൃപ്തി ദേശായി വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമല യുവതി പ്രവേശം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗം അലസി പിരിഞ്ഞു. സര്‍ക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചതില്‍ മുന്‍വിധിയോടെയാണ് സമീപിച്ചത് എന്നാണ്. ഒരു മുന്‍വിധിയും സര്‍ക്കാരിന് ഇല്ല. കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.

91 ല്‍ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുകയാണ് അതാത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുര്‍വാശിയുമൊന്നുമില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.