പ്രശസ്ത ഫാഷന്‍ ഡിസൈനറും വേലക്കാരനും വീട്ടില്‍ മരിച്ച നിലയില്‍

single-img
15 November 2018

ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മാല ലക്ഷാനിയെയും(53) വേലക്കാരനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള വസതിയില്‍ ബുധനാഴ്ച്ച രാത്രിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച വേലക്കാരന്‍ ബഹദൂര്‍(50) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാലയുടെ മൃതദേഹം കിടപ്പുമുറിയിലും ബഹദൂറിന്റെ മൃതദേഹം അടുക്കളയിലുമാണ് കിടന്നിരുന്നത്. മായയുടെ ദേഹത്ത് ഏഴോളം മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുമൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ മാലക്കൊപ്പം ജോലി ചെയ്തിരുന്നവരാണ്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് സൂചന. പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍നിന്ന് ശക്തമായ വാദപ്രതിവാദം കേട്ടെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് പോലീസ്.