കുവൈത്ത് വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു

single-img
15 November 2018

കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗതം പുനരാരംഭിച്ചു. വ്യോമയാന വകുപ്പ് മേധാവി ശൈഖ് സല്‍മാന്‍ ഹമൂദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായിരുന്നു.

വ്യഴാഴ്ച വെളുപ്പിന് 4 മണിക്ക് ശേഷം കുവൈത്തില്‍ വന്നിറങ്ങേണ്ട വിമാന സര്‍വീസുകളെല്ലാം റൂട്ട് മാറ്റി മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു. അതേസമയം വ്യാഴാഴ്ച വൈകിട്ട് കുവൈത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

കഴിഞ്ഞ 24 മണിക്കൂറില്‍ ചിലയിടങ്ങളില്‍ 100 മില്ലിമീറ്റര്‍ വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. സമാന സാഹചര്യം വ്യാഴാഴ്ച വൈകുന്നേരത്തോടെ സംജാതമാകാനാണ് സാധ്യതയെന്ന് വ്യോമയാന ഡയറക്ടറേറ്റിലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം മേധാവി ദിറാര്‍ അല്‍ അലി അറിയിച്ചു. ഇടിമിന്നലിന്റെ അകമ്പനിയോടെയാകും മഴ.

മഴയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ വാഹന അപകടങ്ങളില്‍ 3 സ്വദേശി യുവാക്കള്‍ മരണമടഞ്ഞു. ഖബാദ്, ജഹ്‌റ റോഡ്, ഫഹാഹീല്‍ എന്നീ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളിലാണ് മരണം സംഭവിച്ചത്. കൂടാതെ വാഹനങ്ങള്‍ കൂട്ടിമുട്ടി അഗ്‌നിക്കിരയായി. അഗ്‌നിശമന വിഭാഗവും സുരക്ഷാ വിഭാഗവും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ശക്തമായ മഴ കണക്കിലെടുത്തു ബുധനാഴ്ചയും വ്യഴാഴ്ചയും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി ഞായറാഴ്ച്ച മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. പൊതുജനങ്ങളോട് കനത്ത ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

ക​ന​ത്ത മ​ഴ; കുവൈത്ത് വിമാനത്താവളം അടച്ചു

ക​ന​ത്ത മ​ഴ; കുവൈത്ത് വിമാനത്താവളം അടച്ചു

Posted by Madhyamam on Wednesday, November 14, 2018