കുവൈത്ത് വിമാനത്താവളം അടച്ചിട്ടു; എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു; ജാഗ്രതാ നിര്‍ദേശം; രാജ്യത്ത് ഇന്നും പൊതുഅവധി

single-img
15 November 2018

കുവൈത്ത് സിറ്റി: കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം ഇടിയോടുകൂടിയ മഴയാണുണ്ടായത്. മഴകാരണം വ്യാഴാഴ്ചയും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു.

മഴക്കെടുതി കാരണം കുവൈത്ത് വിമാനത്താവളം അടച്ചിട്ടു. വിമാന സര്‍വീസ് നിര്‍ത്തിവച്ചതായി വ്യോമയാന അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി കുവൈത്തില്‍ ഇറങ്ങേണ്ട ഏതാനും വിമാനങ്ങള്‍ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയിരുന്നു.

എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ഖത്തറിലെ ദോഹയില്‍ ഇറക്കി. അര്‍ധരാത്രിയോടെ പെയ്ത കനത്ത മഴയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ളവര്‍ പുതിയ ഷെഡ്യൂള്‍ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തില്‍ എത്താനെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

വലിയ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായ സാഹചര്യത്തില്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ആവശ്യത്തിനുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കാനും നിര്‍ദേശമുണ്ട്. 72 മണിക്കൂര്‍ അടിയന്തര സേവനത്തിനു തയ്യാറാകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നഴ്‌സുമാര്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അധിക യൂണിഫോം ഉള്‍പ്പെടെ ആശുപത്രിയില്‍ ഹാജരാകാനാണ് നിര്‍ദേശം.