വ്യാജസര്‍ട്ടിഫിക്കറ്റ്; ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റിനെ എബിവിപി പുറത്താക്കി

single-img
15 November 2018

ചെന്നൈ: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയോട് രാജിവയ്ക്കാന്‍ എബിവിപി ആവശ്യപ്പെട്ടു. വ്യാജ ബിരുദ ആരോപണത്തില്‍ അന്വേഷണം തീരുന്നത് വരെ പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദേശമുണ്ട്.

അങ്കിവ് ബൈസോയ തങ്ങളുടെ വിദ്യാര്‍ത്ഥിയല്ലെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു കോളേജിലും അദ്ദേഹം പഠിച്ചിട്ടില്ലെന്നും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തമിഴ്‌നാട് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയിച്ചിരുന്നു.

എന്‍എസ്‌യുഐയാണ് അങ്കിവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. വെല്ലൂരിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.

അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോള്‍ സംശയം തോന്നുകയും സര്‍വകലാശാലയെ സമീപിക്കുകയുമായിരുന്നുവെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. തുടര്‍ന്ന് ബിരുദാനന്തര പ്രവേശനം തേടുന്നതിന് അങ്കിവ് സമര്‍പ്പിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തമിഴ്‌നാട് കോണ്‍ഗ്രസ് സര്‍വകലാശാലയ്ക്ക് അയച്ചു. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു സര്‍വകലാശാലയില്‍നിന്നു ലഭിച്ച രേഖാമൂലമുള്ള മറുപടി.

ബിരുദാനന്തര പ്രവേശനത്തിന് അങ്കിവ് സമര്‍പ്പിച്ച മാര്‍ക്ക് ഷീറ്റില്‍ സര്‍വകലാശാലയുടെ പേര് എഴുതിയിരിക്കുന്നത് തെറ്റാണെന്നും പ്രധാന വിഷയം ഏതാണെന്ന് എഴുതിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി എ എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയങ്ങളുടെ പേര് എഴുതുന്നതിനു പകരം കോര്‍ തിയറി, ഇലക്ടീവ്, നോണ്‍മേജര്‍ ഇലക്ടീവ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.