ബന്ധുനിയമനത്തില്‍ കുടുങ്ങി തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറും; ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

single-img
15 November 2018

തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി.ബിന്ദുവിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്നായിരുന്നു ഡോ. എം.പി.ബിന്ദു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

വിഷയത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും ഹൈക്കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. ന്യൂനപക്ഷ സംവരണം പാലിക്കാനാണ് രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കിയത് എന്നാണ് സര്‍വകലാശാല പരാതിക്കാരിക്ക് നല്‍കിയ വിശദീകരണം.

എന്നാല്‍ ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണത്തെ സംബന്ധിച്ച് യാതൊരു സൂചനയുമില്ലെന്ന് പരാതിക്കാരി പറയുന്നു. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്.