കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി; വിശ്വാസികളെ അപമാനിക്കുന്നെന്ന് ശ്രീധരന്‍പിള്ള

single-img
15 November 2018

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതി തയാറാക്കിയ കുറിപ്പ് സര്‍വകക്ഷി യോഗത്തില്‍ വായിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിലപാടറിയിച്ചത്. കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള സാഹചര്യവും വിവരിച്ചു.

എന്നാല്‍ സര്‍ക്കാര്‍ വിശ്വാസികളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു. അതേസമയം, വിധിനടപ്പാക്കുന്നതിന് സാവകാശം തേടുകയാണ് സര്‍ക്കാര്‍ വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു.

അതേസമയം, സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സാവകാശഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കാനാകില്ല. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ കക്ഷികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.സി.ജോര്‍ജ്, മുസ്‌ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല. പന്തളം രാജകുടുംബവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ തന്നെയാണ്.