ശബരിമല യുവതി പ്രവേശനം: സര്‍വകക്ഷിയോഗം പരാജയം

single-img
15 November 2018

ശബരിമല പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ച്ച സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

മുന്നോട്ട് വെച്ച രണ്ടു നിര്‍ദേശങ്ങളും സര്‍ക്കാര്‍ തള്ളിയതോടെ പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ഇതോടെ ശബരിമല പ്രശനം കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യം സംജാതമായി. സര്‍ക്കാര്‍ മുന്‍വിധിയോടെയാണ് യോഗത്തിനെത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതും.

രണ്ട് ആവശ്യവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഒത്തു കളിയ്ക്കുകയാണ്.” ചെന്നിത്തല സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു.

രൂക്ഷവിമര്‍ശനമാണ് ബിജെപിയും കോണ്‍ഗ്രസും സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള യോഗത്തില്‍ ആരോപിച്ചു.

അതേസമയം ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍വിധിയോടെയല്ല പെരുമാറുന്നതെന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കി. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യത്ത് സുപ്രീംകോടതിയുടെ വിധി നടപ്പാക്കുക എന്നത് മാത്രമാണ് ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. നാളെ ഒരവസരത്തില്‍ യുവതികള്‍ പ്രവേശിക്കേണ്ട എന്ന കോടതി ഉത്തരവിട്ടാല്‍ ആ വിധിയാകും സര്‍ക്കാര്‍ നടപ്പാക്കുക എന്നും ഇതില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. യു.ഡി.എഫ്, ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യു.ഡി.എഫില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ മുനീര്‍ എന്നിവരും ബി.ജെ.പിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവരുമാണ് പങ്കെടുക്കുന്നത്. ഇവരെ കൂടാതെ പി.സി ജോര്‍ജ്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തിനെത്തി. വൈകുന്നേരം മൂന്നിന് തന്ത്രി, പന്തളം കൊട്ടാര പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തും.