ദുബായില്‍ പനിബാധിച്ച് ഒരു മലയാളി വിദ്യാര്‍ഥിനി കൂടി മരിച്ചു

single-img
15 November 2018

പനി ബാധിച്ച് ദുബായില്‍ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. മലയാളി വിദ്യാര്‍ഥിനി ആലിയ നിയാസ് അലി(17)ആണ് മരിച്ചത്. തിങ്കളാഴ്ച വരെ സ്‌കൂളില്‍ ചെന്നിരുന്ന ആലിയയെ പിന്നീട് പനി ബാധിച്ച് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് അല്‍ ഖൂസില്‍ നടന്നു.

കൃത്യമായ മരണകാരണം അറിവായില്ലെങ്കിലും പനികാരണമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി അമീന ഷറഫ് രണ്ടാഴ്ച മുന്‍പ് പനിയും വൈറല്‍ ബാധയും മൂലം മരിച്ചിരുന്നു.

ദുബായിലെ മിക്ക സ്‌കൂള്‍ അധികൃതരും രക്ഷിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ നല്‍കണമെന്നും സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ഫ്‌ലൂവിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.