റഫാലില്‍ മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
14 November 2018

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വിശദമായ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയുടെ നടപടി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുളള ബെഞ്ച് വിശദമായ വാദം കേള്‍ക്കലിലേക്ക് കടന്നത്. വാദം കേള്‍ക്കുന്നതിനിടെ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങള്‍ സുപ്രിംകോടതി ഉന്നയിച്ചു.

യുദ്ധ വിമാന ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒഫ് സെറ്റ് കരാറിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിനായിരുന്നുവെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് ചോദിച്ചു. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതില്‍ നിയമമന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ആരാഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാര്‍ പരിഗണനയിലിരിക്കെ പുതിയ കരാര്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടാണെന്നും പങ്കാളിയായി റിലയന്‍സിനെ തീരുമാനിച്ചത് റഫാല്‍ നിര്‍മാതാക്കളായ ഡാസോയാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു.

വിമാനങ്ങള്‍ കൈമാറുന്നതില്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയില്ലെന്നും എജി പറഞ്ഞു. പ്രതിരോധരംഗത്തെ ഇടപാടുകളുടെ സ്ഥിതിയും റഫാല്‍ കരാറിലേയ്ക്ക് കടക്കാനുണ്ടായസാഹചര്യവും വ്യോമസേന മുതര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് കോടതി ചോദിച്ചറിഞ്ഞു.

സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് വായുസേനാ ഉപമേധാവി വി.ആര്‍.ചൗദരി, എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതി എന്നിവരുടെ നേതൃത്വത്തിലുള്ള വായു സേനാ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയില്‍ ഹാജരായി. റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയോട് അന്വേഷിച്ചത്.

1985ന് ശേഷം പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് എയര്‍ ഫോഴ്‌സ് വൈസ് മാര്‍ഷല്‍ അറിയിച്ചു. റഫാല്‍ കരാര്‍ പ്രതിരോധ മേഖലയ്ക്ക് അത്യാവശ്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കരാറില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഒപ്പ് വച്ചതെന്ന് സര്‍ക്കാറിന് വേണ്ടി എജി അറിയിച്ചു.

ദേശീയ സുരക്ഷയേ ബാധിക്കുന്നതിനാലാണ് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടാത്തതെന്നും സര്‍ക്കാര്‍ വാദിച്ചു. കോടതിക്ക് നല്‍കിയ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കോടതി കൂടി ശ്രദ്ധിക്കണമെന്ന് എജി കെകെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അതേസമയം കരാറിന് എന്ത് ഉറപ്പാണുള്ളതെന്ന ചോദ്യത്തിന് ഉറപ്പുകളൊന്നും ഇല്ലെന്നും എന്നാല്‍ ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് ഒരു കത്ത് ഇത് സംമ്പന്ധിച്ച് ലഭിച്ചിരുന്നെന്നും എജി അറിയിച്ചു. അതാത് സമയത്തെ ആവശ്യകതയ്ക്കനുസരിച്ചാണ് പ്രതിരോധ കരാറുകളില്‍ മാറ്റം വരുത്തുന്നതെന്നും എജി കോടതിയെ അറിയിച്ചു.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂറി, കപില്‍ സിബല്‍, എഎല്‍.ശര്‍മ്മ എന്നിവര്‍ ശക്തമായ വാദമുഖങ്ങളാണ് നിരത്തിയത്. കരാര്‍ മൊത്തം തട്ടിപ്പാണെന്നും അതിനാല്‍ പ്രത്യേക അന്വേഷണസംഘത്തെ വച്ച് കേസ് അന്വേഷിക്കണമെന്നും പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും വാദിച്ചു. റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ അല്ലെന്ന് കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു.