ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് വീട് തേടിയെത്തിയ യുവാവ് പെണ്‍കുട്ടിയുടെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം കൊല്ലത്ത്

single-img
14 November 2018

ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് വീട് തേടിയെത്തിയ യുവാവ് പെണ്‍കുട്ടിയുടെ മാതാവിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിള വീട്ടില്‍ മേരിക്കുട്ടി വര്‍ഗീസാണ് (48) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. കൃത്യത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് മധുരൈ അനുപാനടി ബാബുനഗര്‍ സ്വദേശി സതീഷി (27) നെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിനുളളില്‍ കടന്ന പ്രതി നെഞ്ചിന്റെ വലതുഭാഗത്തു കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റു രക്തം വാര്‍ന്നു പുറത്തേക്ക് ഓടിയ മേരികുട്ടി റോഡ് വക്കില്‍ കുഴഞ്ഞു വീണു. ഭര്‍ത്താവ് വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ ഉപരിപഠനത്തിന് ബെംഗളൂരുവിലും ആയതിനാല്‍ സംഭവസമയം വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയില്‍ നഴ്‌സായ മൂത്ത മകള്‍ ലിസ്സ പ്രതിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തില്‍ ആകുകയുമായിരുന്നു.

വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി ലിസ്സ അറിയിച്ചു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടില്‍നിന്നും ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത് സതീഷ് കുളത്തൂപ്പുഴയില്‍ എത്തിയത്.

എന്നാല്‍ പെണ്‍കുട്ടി ഇവിടെ ഉണ്ടായിരുന്നില്ല. പിന്നീട് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്‌സിയും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വവും പൊലീസ് കസ്റ്റഡിയിലുണ്ട്.