“സനല്‍ കുമാറിനെ ഡിവൈഎസ്പി കൊലപ്പെടുത്തിയത് തന്നെ”;കൊലക്കേസ് പ്രതിയായ ഡിവൈഎസ്പിയെ പിടിക്കാന്‍ കഴിയാതെ പോലീസ്

single-img
13 November 2018

തിരുവനന്തപുരം: സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.

കൊലക്കുറ്റം ചെയ്ത ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് പുറമേ മൂന്ന് വകുപ്പുകള്‍ കൂടി ചുമത്തി. അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

അതേസമയം ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ് . പൊലീസും പ്രതിയും ഒത്തുകളിക്കുന്നുവെന്ന ആക്ഷേപം ഉയരുമ്പോഴും പ്രതിയുടെ പിന്നാലെയാണു തങ്ങൾ എന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം സനലിന്റെ ഭാര്യ വിജി ഇന്നു നിരാഹാര സത്യഗ്രഹം തുടങ്ങും. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം. സനൽ കാറിടിച്ചു വീണ സ്ഥലത്താണ് ഇന്നു രാവിലെ മുതൽ വിജിയുടെ സത്യഗ്രഹം.