ഇന്ന് നിര്‍ണ‍ായക ദിനം;ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും

single-img
13 November 2018

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 49 പുനഃപരിശോധനാ ഹര്‍ജികളാണ് ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറില്‍(അടച്ചിട്ട കോടതിയില്‍) പരിശോധിക്കുക.പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റിസുമാരായ റോഹിന്‍റന്‍ നരിമാന്‍, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് .ശബരിമലയെ സംബന്ധിച്ച്‌ അടുത്തോളം മണ്ഡലമാസം ആരംഭിക്കാന്‍ ഇരിക്കെ ഏറെ നിര്‍ണായകമാണ് ഇന്നുണ്ടാകുന്ന കോടതി നടപടികള്‍ ക്രമങ്ങള്‍

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായുള്ള പുനഃപരിശോധന ഹര്‍ജികളാണ് പരിഗണിക്കുക.ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറയുന്നുണ്ട്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകും.

പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നുണ്ട്. റിട്ട ഹര്‍ജിലെ ആവശ്യം നേരത്തെ ഭരണഘടന ബെഞ്ച് പരിശോധിച്ചതാണ്. അതുകൊണ്ട് ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നതാകും ആദ്യം കോടതി പരിശോധിക്കുക. ഉച്ചക്ക് ശേഷം പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ റിട്ട് ഹര്‍ജികളുടെ പ്രസക്തിയും കോടതിയും ചോദ്യം ചെയ്‌തേക്കാം.

അതിനിടെ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാനിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യമാ സുന്ദരം പിന്‍വാങ്ങി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.യു. സിങ് ആയിരിക്കും ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാകുക.