മണ്ഡലകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം;യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല.

single-img
13 November 2018

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ രിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്റ്റേയോ നിലവിലെ സ്ഥിതി തന്നെ തുടരണമെന്ന നിര്‍ദേശമോ കോടതി നല്കിയിട്ടില്ല.

അതേസമയം, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2019 ജനുവരി 22നാകും ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. ഹർജിക്കാർക്കും അഭിഭാഷകർക്കും ചേംബറിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ശബരിമല സംരക്ഷണ ഫോറം തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം രാവിലെ ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

ശബരിമല വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട നാല് റിട്ട് ഹര്‍ജികളും പുന:പരിശോധനാ ഹര്‍ജിക്കൊപ്പം വാദം കേള്‍ക്കും.

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അടക്കം എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കും. സുപ്രീംകോടതി രജിസ്ട്രാര്‍ മാധ്യമപ്രവര്‍ത്തകരെ ഈ വിവരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.