ആ കുഞ്ഞന്‍ കരടിയെ വീഴ്ത്തിയതാണ്; സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോക്കു പിന്നിലെ ക്രൂരത

single-img
13 November 2018

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു അമ്മക്കൊപ്പമെത്താന്‍ പാടുപെട്ട് മഞ്ഞുമല കയറുന്ന കരടിക്കുഞ്ഞിന്റെ ദൃശ്യങ്ങള്‍. എന്നാല്‍ ആ കഠിമനലകയറ്റത്തിനു പിന്നില്‍ ഒരു കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ.

തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ അമ്മക്കരടിയും കുഞ്ഞുമെന്നാണ് പുതിയ വിവരം. ഇവരെ നിരീക്ഷിക്കാനെത്തിയ ഡ്രോണ്‍ ആയിരുന്നു ആ ജീവി. ഇതെന്താണെന്ന് അറിയാതെ പരക്കം പായുകയായിരുന്നു അമ്മയും കുഞ്ഞും.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൂളി എത്തിയ ഡ്രോണിനെ കണ്ട് ഭയന്നാണ് ഇരുവരും അത്രയധികം ഉയരമില്ലാത്ത പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. വീഡിയോ ചിത്രീകരിച്ചതിനു പിന്നിലെ ക്രൂരത പുറത്തുവന്നതോടെ ഡ്രോണ്‍ കാമറകളുമായി കാട് കയറുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.