“ദൈവത്തിന്റെ വിധി നടപ്പിലായി”;കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ഉപവാസം അവസാനിപ്പിച്ചു.

single-img
13 November 2018

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അതേസമയം ഡിവൈഎസ്പി ഹരികുമാർ മരിച്ച സംഭവത്തില്‍ ദൈവത്തിന്റെ വിധി നടപ്പിലായതായി കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു.ഡിവൈഎസ്പിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ സനലിന്റെ ഭാര്യ വിജി നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു.കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിജിയുടെ സത്യഗ്രഹം. സനൽ കാറിടിച്ചു വീണ സ്ഥലത്താണ് ഇന്നു രാവിലെ മുതൽ വിജി സത്യഗ്രഹം ഇരുന്നത്.

സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.