അങ്ങനെ പറക്കുന്ന ബൈക്കും എത്തി; സ്‌കോര്‍പിയന്‍ 3 ദുബായ് പൊലീസിലേക്ക്

single-img
13 November 2018

സിനിമാ സ്റ്റൈലില്‍ പറക്കാന്‍ ദുബായ് പൊലീസ് തയ്യാര്‍. ഹോവര്‍ ബൈക്കുകള്‍ എന്നറിയപ്പെടുന്ന പറക്കും ബൈക്കുകള്‍ ദുബായ് പൊലീസ് സേനയില്‍ ഉടന്‍ അണിചേരും. അതിവേഗം ലക്ഷ്യത്തിലെത്താനും നഗരത്തിന്റെ മുക്കും മൂലയും നിമിഷനേരം കൊണ്ടു അരിച്ചുപെറുക്കാനും പറക്കും ബൈക്കുകള്‍ ദുബായ് പൊലീസിനെ സഹായിക്കും. കഴിഞ്ഞവര്‍ഷം നടന്ന ജിടെക്‌സ് മേളയിലാണ് പറക്കും ബൈക്കെന്ന ആശയം ആദ്യമായി പിറന്നത്. കൃത്യം ഒരുവര്‍ഷം പിന്നിടുമ്പോള്‍ പറക്കും ബൈക്കില്‍ കയറാന്‍ ദുബായ് പൊലീസ് തയ്യാറടുക്കുകയാണ്.

സ്‌കോര്‍പിയന്‍ 3 എന്നാണ് പറക്കും ബൈക്കിന് ലഭിക്കുന്ന പേര്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനി ഹോവര്‍സര്‍ഫാണ് പറക്കും ബൈക്കുകളുടെ സൃഷ്ടാക്കള്‍. കാഴ്ച്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റെയും സങ്കരയിനം.നിലവില്‍ ദുബായ് പൊലീസിന് വേണ്ടി മാത്രമെ ഹോവര്‍സര്‍ഫ് പറക്കും ബൈക്കുകള്‍ നിര്‍മ്മിക്കുന്നുള്ളൂ. ഹോവര്‍ ബൈക്കുകള്‍ ഉപയോഗിക്കാനുള്ള പ്രത്യേക പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് ദുബായ് പൊലീസ് നല്‍കിത്തുടങ്ങി. 2020 ഓടെ പറക്കും ബൈക്കുകള്‍ ദുബായ് പൊലീസ് നിരയില്‍ പൂര്‍ണ്ണമായി സജ്ജമാകും. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമെ പറക്കും ബൈക്ക് പായുകയുള്ളൂ. ബൈക്കു പോലെ ഹോവര്‍ ബൈക്കുകള്‍ വായുവില്‍ ഉപയോഗിക്കാം. ഇതിനുപുറമെ പൈലറ്റില്ലാതെ റിമോട്ട് കണ്‍ട്രോള്‍ മുഖേനയും പറക്കും ബൈക്ക് പ്രവര്‍ത്തിക്കും. മൂന്നു ബ്ലേഡുള്ള നാലു പ്രൊപ്പല്ലറുകള്‍ ബൈക്കിനെ വായുവില്‍ ഉയര്‍ത്തി നിര്‍ത്തും. പൈലറ്റ് മോഡില്‍ 25 മിനിറ്റും ഡ്രോണ്‍ മോഡില്‍ 40 മിനിറ്റുമാണ് ഹോവര്‍ ബൈക്ക് നിര്‍ത്താതെ പറക്കുക.

ഹെല്‍മറ്റു ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഹോവര്‍ ബൈക്കിലുണ്ട്. ഉത്പാദന പതിപ്പില്‍ കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിം ഉപയോഗിക്കുന്നതിനാല്‍ ഭാരം ഗണ്യമായി കുറയുന്നു. 12.3 kWh ശേഷിയുള്ള ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ പശ്ചാത്തലത്തില്‍ മോഡലിന് 114 കിലോയാണ് ആകെ ഭാരം. 6,000 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാന്‍ ഹോവര്‍ ബൈക്കുകള്‍ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. വായുവിൽ 300 കിലോ വരെ ഭാരം പറക്കും ബൈക്കിന് വഹിക്കാൻ കഴിയും.