വനിതാ പൊലീസിന്റെ പ്രായം പരിശോധിച്ചു; വെളിപ്പെടുത്തലുമായി വല്‍സന്‍ തില്ലങ്കേരി

single-img
12 November 2018

ശബരിമല സന്നിധാനത്ത് വനിതാ പോലീസുകാരുടെ ജനന തീയതി പരിശോധിച്ചുവെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ചിത്തിര ആട്ട വിശേഷത്തിനു സാന്നിധാനത്ത് എത്തിയ വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചുവെന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചരിത്രത്തിലാദ്യമായി സന്നിധാനത്ത് വനിതാസേനയെ നിയോഗിച്ചത്. അന്‍പതു വയസുകഴിഞ്ഞ 15 പേരുടെ വനിതാ പൊലീസ് സംഘമാണ് സന്നിധാനത്തെത്തിയത്. അര്‍ധസൈനികരും മാളികപ്പുറങ്ങള്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമുയര്‍ത്തിയാല്‍ നേരിടുന്നതിനായാണ് വനിത പൊലീസിനെ സന്നിധാനത്ത് നിയോഗിച്ചിരുന്നത്.

സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരില്‍ ഒരാളുടെ പ്രായത്തില്‍ സംശയമുണ്ടായിരുന്നു. ഒരു വനിതാ പോലീസിന്റെ ഭര്‍ത്താവിന് 49 വയസായിരുന്നു പ്രായം. ഇത് സംശങ്ങള്‍ക്ക് ഇടയാക്കി. ഇതേതുടര്‍ന്നു ശബരിമലയിലുണ്ടായിരുന്ന എസ്പിമാരുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നുവെന്നും പിന്നീട് അവരുടെയെല്ലാം ജനനതീയതി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നുമാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്തെല്ലാം നേടാന്‍ സാധിക്കുമോ അത് ഇതിലൂടെ സാധിച്ചുവെന്നും തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ നേരത്തെ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വിവദാമായിരുന്നു.