ഇരുപത്തൊന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ച ശേഷം സ്യൂ പറഞ്ഞു, ഇല്ല… ഇനി പ്രസവിക്കാനില്ല

single-img
12 November 2018

ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നായിക തന്റെ 21ാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ലങ്കാഷര്‍ സ്വദേശി സ്യൂവാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. ബോണിയെന്നാണ് പെണ്‍കുഞ്ഞിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ഇനി പ്രസവിക്കാനില്ല എന്നാണ് സ്യൂ ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ ഇതു കേട്ട കുടുംബാംഗങ്ങള്‍ ചിരിക്കുകയാണ് ചെയ്തത്. കാരണം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 20ാം പ്രസവസമയത്തും സ്യൂ ഇതു തന്നെയാണു പറഞ്ഞതെന്ന് അവര്‍ ഓര്‍ക്കുന്നു. ആദ്യ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ സ്യൂവിന് 14 വയസായിരുന്നു പ്രായം.

അന്ന് ബോയ് ഫ്രണ്ടായിരുന്ന നോയലിനെ സ്യൂ പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ ജീവതത്തിലെ ഏറ്റവും വലിയ നൊമ്പരം ഗര്‍ഭത്തിന്റെ 23 ാം ആഴ്ച്ച നഷ്ടപ്പെട്ട ആല്‍ഫിയെന്ന കുഞ്ഞാണ്. ആകെക്കൂടി 811 ആഴ്ചകളാണ് സ്യൂ ഗര്‍ഭവതിയായിരുന്നത്.

ബേക്കറിയാണ് കുടുംബത്തിന്റെ ഉപജീവന മാര്‍ഗം. ഇതിനു പുറമെ ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ശിശുക്ഷേമത്തിനായി ഓരോ ആഴ്ച്ചയിലും 170 പൗണ്ടും ലഭിക്കുന്നുണ്ട്. ഇവരുടെ മൂത്ത മക്കളായ ക്രിസിനും സോഫിക്കും വേറെ മക്കളുണ്ട് എന്നതാണ് കൗതുകം.