ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച സേവ് ശബരിമല പ്രതിഷേധത്തില്‍ ഉപയോഗിച്ചത് കേരളത്തിലെ വ്യാജ ഫോട്ടോഷൂട്ട് ചിത്രം

single-img
12 November 2018

ഡല്‍ഹിയില്‍ ബിജെപി സംഘടിപ്പിച്ച സേവ് ശബരിമല പ്രതിഷേധത്തില്‍ കേരളത്തിലെ വ്യാജ ഫോട്ടോഷൂട്ട് ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. സേവ് ശബരിമല എന്ന ടാഗില്‍ 100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം അടിച്ചിറക്കിയിരിക്കുന്നത്.

ഇന്നലെ ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ തേജീന്ദര്‍ പാല്‍ സിംഗ് ബാഗയുടെ നേതൃത്വത്തിലാണ് ഈ ചിത്രങ്ങള്‍ പുറത്തിറക്കിയത്. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി പതിപ്പിക്കാന്‍ ഈ ചിത്രത്തിന്റെ ഒരു ലക്ഷം സ്റ്റിക്കറുകളാണ് അടിച്ചിറക്കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത.് ബി.ജെ.പി വിദ്വേഷപ്രചരണത്തിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

മാവേലിക്കര സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുറുപ്പാണ് അയ്യപ്പവിഗ്രഹത്തിന്റെ മാതൃകയുമായി മര്‍ദ്ദനമേല്‍ക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചതും ഫോട്ടോ ഷൂട്ട് നടത്തിയതും. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അരിവാള്‍ കഴുത്തില്‍ വെച്ചുകൊണ്ടുള്ള ചിത്രം സുപ്രീം കോടതി വിധി വന്ന ശേഷം എടുത്തതാണെന്ന് ഫോട്ടോ പകര്‍ത്തിയ മിഥുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയിരുന്നു. ഭക്തന്റെ കഴുത്തില്‍ കത്തിവെയ്ക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെ എടുത്തതെന്നും നിലയ്ക്കലിലെ പൊലീസ് നടപടിയ്ക്ക് ശേഷമാണ് പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ചിത്രമെടുത്തതെന്നും മിഥുന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ചിത്രം ഫോട്ടോഷൂട്ടാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ തേജീന്ദര്‍ പാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതീകാക്തമക ചിത്രമായാണ് ഉപയോഗിച്ചതെന്ന് പറഞ്ഞ് തടിയൂരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇത് സ്റ്റിക്കറില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.