തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഛത്തീസ്ഗഡില്‍ ബോംബ് സ്‌ഫോടനം

single-img
12 November 2018

ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി രമണ്‍സിങ്ങ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് ഉള്‍പ്പെടെ 18 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള 10 മണ്ഡലങ്ങളില്‍ രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചു. മറ്റിടങ്ങളില്‍ 8 ണിക്കാണ് പോളിംഗ് തുടങ്ങിയത്.

അതിനിടെ ദണ്ഡേവാഡയില്‍ സ്‌ഫോടനം. തുമാക്പാല്‍ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും അപായമില്ല. ദണ്ഡേവാഡയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടിരുന്നു.

മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും സൈന്യം നടത്തുന്നുണ്ട്.

വികസന പദ്ധതികളിലൂടെ മാവോയിസ്റ്റ് സ്വാധീനം കുറഞ്ഞെന്ന് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസവും ആക്രമണങ്ങളുണ്ടായത്. ഭരണം നിലനിര്‍ത്താനൊരുങ്ങുന്ന ബി.ജെ.പിക്കും തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ആദ്യഘട്ട പോളിംഗ്.

അതേസമയം, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. തെലങ്കാനയില്‍ കോണ്‍ഗ്രസും തെലങ്കാന രാഷ്ട്രസമിതിയും തമ്മില്‍. മിസോറമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മില്‍. ഛത്തീസ്ഗഢില്‍ അജിത് ജോഗി ഒരു മൂന്നാംഘടകമായേക്കാം.

പക്ഷേ നേരിട്ടുള്ള പോരാട്ടങ്ങളില്‍ ഒരു പാര്‍ട്ടിയുടെ നഷ്ടം അതേപടി എതിരാളിയുടെ നേട്ടമാകും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറിയാല്‍ നഷ്ടം നേരിട്ട് ബിജെപിക്കാകും. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥിതി സമാനമാണ്. ലോക്‌സഭയില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള കക്ഷികളിലൊന്നാണ് ടി.ആര്‍.എസ്. അവര്‍ക്ക് നഷ്ടം സംഭവിച്ചാലും പരുക്കേല്‍ക്കുന്നത് എന്‍ഡിഎയ്ക്കാണ്.