കെ.ടി ജലീലിന്‍റെ ബന്ധു അദീബ് രാജിവെച്ചു

single-img
12 November 2018

വിവാദപ്പെരുമഴക്ക് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനം രാജിവച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന് കത്തിൽ പറയുന്നു. ഇന്ന് രാവിലെ കോഴിക്കോട് ചേരുന്ന കോര്‍പ്പറേഷന്‍ ഡയറക്ടർ ബോർഡ് യോഗം രാജിക്കത്ത് പരിഗണിക്കും.

പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മുന്‍ തസ്തികയിലേക്ക് തിരികെ പോകാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിക്ക് ഇ മെയിലിലൂടെയാണ് രാജിക്കത്ത് നല്‍കിയത്.

കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനത്തിന് വരെ ഭീഷണി ഉയർത്തിയ നിയമനമായിരുന്നു കെ.ടി അദീബിന്റേത്. ജലീലിന്റെ പിതൃസഹോദരപൗത്രനായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് നിയമിച്ചത് യോഗ്യതയുള്ളവരെ മറികടന്നാണ് എന്നതായിരുന്നു യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഉയർത്തിയ ആരോപണം. ഇതിന് പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു ജലീലിനെതിരെ ഉണ്ടായത്. ഇതേ തുടർന്നാണ് കെ.ടി അദീബ് ജനറൽ മാനേജർ സ്ഥാനം രാജിവെച്ചത്.