പരസ്പര സമ്മതത്തോടെയുള്ള ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; സിനിമയില്‍ ഞാന്‍ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് നടന്‍ വിശാല്‍

single-img
11 November 2018

മീ ടൂ ക്യാംപെയ്ന്‍ ചിലര്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം.

ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിജീവിച്ചവര്‍ക്കും തുറന്നു സംസാരിക്കാനുളള വ്യക്തമായ ഇടമാണ് മീ ടൂ ക്യാമ്പയിനെന്നും എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും വിശാല്‍ പറഞ്ഞു. അവസരം ലഭിക്കുന്നതിനു വേണ്ടി വഴങ്ങികൊടുക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല.

എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല’ വിശാല്‍ പറഞ്ഞു.

സ്ത്രീകള്‍ തുറന്നു സംസാരിക്കുമ്പോള്‍ വേട്ടക്കാരന്റെ മുഖം സമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത് അവസരം കിട്ടാത്ത ആള്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മീടു ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും താരം ചോദിച്ചു.