വീണ ജോർജിന്റെ എംഎൽഎ സ്ഥാനവും ത്രിശങ്കുവിൽ

single-img
11 November 2018

അഴീക്കോട് എംഎല്‍എയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ സംഭവത്തിന് സമാന കുരുക്കില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും. വോട്ടുപിടിക്കാന്‍ മതത്തിന്റെയും മത ചിഹ്നങ്ങളുടെയും ഉപയോഗം, പട്ടിക സമര്‍പ്പണത്തിലെ അപാകത എന്നിവയാണ് വീണാ ജോര്‍ജിനെതിരായ ആരോപണങ്ങള്‍. എംഎല്‍എ സ്ഥാനാര്‍ത്ഥിയായിരിക്കെ വീണാ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പ്രചരിപ്പിച്ചു എന്നാണ് ആരോപണം.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയിരുന്ന അഡ്വ. വി ആര്‍ സോജിയാണ് പരാതിക്കാരന്‍. വോട്ട് പിടിക്കാന്‍ മതവും മതചിഹ്നങ്ങളും വീണാ ജോര്‍ജ് ഉപയോഗിച്ചതായി പരാതിയില്‍ പറയുന്നു. 2017 ഏപ്രില്‍ 12ന് ഹൈക്കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് സോജി സുപ്രീംകോടതില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതിക്കാരന്‍ പറഞ്ഞു.

മുസ്ലീംകള്‍ക്ക് വേണ്ടി അഞ്ച് നേരം നിസ്‌കരിച്ച് പ്രാര്‍ത്ഥിക്കുന്ന കെ മുഹമ്മദ് ഷാജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെടുന്ന ലഘുലേഖയാണ് ഷാജിയുടെ എംഎല്‍എ സ്ഥാനത്തിന് വില്ലനായത്. കെഎം ഷാജി വര്‍ഗീയ പ്രചാരണം നടത്തി എന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കാന്‍ ഷാജി സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്.