നെയ്യാറ്റിന്‍കര സനല്‍ വധം; അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി

single-img
11 November 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകം അപകടമരണമാക്കാന്‍ ശ്രമം നടക്കുന്നതായി മരിച്ച സനലിന്റെ ഭാര്യ വിജി. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണമെന്നും അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ വിജി ഹര്‍ജി നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്റെ കുടുംബം നിവേദനം നല്‍കിയിരുന്നു. വാഹനത്തിന് മുന്നില്‍ സനലിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് ഏഴ് ദിവസം കടന്നുപോയിട്ടും നടപടികളൊന്നും സ്വീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ശ്രമിച്ചിരുന്നെങ്കില്‍ പ്രതിയെ നേരത്തെ പിടികൂടാമായിരുന്നു. അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി വീട്ടിലെത്തിയെങ്കിലും മൊഴിയെടുക്കാതെയാണ് മടങ്ങിയതെന്നും വിജി പറഞ്ഞു. ഇന്നലെ പ്രധാനപ്പെട്ട ഒരു സാക്ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ തടഞ്ഞിരുന്നു.

ഈ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. പ്രതിയെ പിടികൂടുന്നതിനൊപ്പം കുടംബത്തിന് നഷ്ടപരിഹാരവും സനലിന്റെ ഭാര്യക്ക് ജോലിയും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സനലിന്റെ ഭാര്യയും മക്കളും സത്യാഗ്രഹം തുടങ്ങാനാണ് പദ്ധതി. അതിനിടെ കേസിലെ പ്രതി ഡിവൈ.എസ്.പി. ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. മൂന്നാറിനടുത്ത് കേരളതമിഴ്‌നാട് അതിര്‍ത്തിക്കു സമീപം ഇയാള്‍ ഉള്ളതായാണ് വിവരം ലഭിച്ചത്.

ഹരികുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിന് നാണകേടാകുമെന്നും അത് എന്ത് വില കൊടുത്തും തടയണമെന്നുമാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് ഇന്ന് തന്നെ ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.