സര്‍ക്കാര്‍ ജീവനക്കാരുടെ ശാഖാ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ്

single-img
11 November 2018

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് നിര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പരിധിയില്‍ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ശാഖയില്‍ പങ്കെടുക്കാന്‍ ശിവരാജ്‌സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദു ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ്, തിരഞ്ഞെടുപ്പ് പ്രചാരകന്‍ ജ്യോതിരാദിത്യ സിന്ധ്യ, മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അതേസമയം സര്‍ക്കാരിന് പ്രത്യേക ആധ്യാത്മിക വകുപ്പുണ്ടായിരിക്കുമെന്നും സംസ്‌കൃത ഭാഷാ വികസനത്തിന് പ്രത്യേക പദ്ധതികളൊരുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

എല്ലാ ഗ്രാമങ്ങളിലും പശു സംരക്ഷണത്തിനായി ‘ഗോശാലകള്‍’ നിര്‍മിക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. പ്രകടനപത്രികയിലെ പരാമര്‍ശം ബിജെപി ഏറ്റുപിടിച്ചതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്തെത്തി.

ആര്‍എസ്എസ് രാഷ്ട്രീയ സംഘടനയാണെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് അവസാനിപ്പിക്കുമെന്നു പറഞ്ഞാല്‍ അതില്‍ തെറ്റുപറയാനില്ലെന്നും ചിദംബരം വ്യക്തമാക്കി. ജീവനക്കാര്‍ക്ക് സര്‍ക്കാരിനോടാകണം കൂറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷം മുമ്പാണ് ശാഖകളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുമതി നല്‍കിയത്.