ഖത്തറില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കു വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി

single-img
11 November 2018

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്കു ഓണ്‍ അറൈവല്‍ വീസയില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വരുത്തിയ മാറ്റങ്ങള്‍ പ്രാബല്യത്തിലായി. ഓണ്‍ അറൈവല്‍ വീസയില്‍ എത്തുന്നവര്‍ക്ക് ഇന്നു മുതല്‍ 30 ദിവസം മാത്രമേ ഖത്തറില്‍ തങ്ങാനാവൂ. 30 ദിവസ കാലാവധിയുള്ള വീസ 30 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥയാണ് ഇന്നലെ മുതല്‍ റദ്ദാക്കിയത്.

ഖത്തറില്‍ ഇടപാടു നടത്താന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് സ്വന്തംപേരില്‍ കൈവശമുള്ള ഇന്ത്യക്കാര്‍ക്കേ ഇന്നു മുതല്‍ ഓണ്‍ അറൈവല്‍ വീസ ലഭിക്കൂ. ക്രെഡിറ്റ് കാര്‍ഡിനു പുറമേ ഹോട്ടല്‍ റിസര്‍വേഷന്‍ രേഖയും സാധുവായ മടക്കയാത്രാ ടിക്കറ്റും (30 ദിവസത്തിനുള്ളില്‍ രാജ്യം വിടാനാവുന്നത്) അധികൃതര്‍ മുന്‍പാകെ ഹാജരാക്കണം. പാസ്‌പോര്‍ട്ടിനു ചുരുങ്ങിയത് 6 മാസ കാലാവധിയും വേണം.

അതേസമയം ഖത്തറില്‍ തൊഴില്‍ ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഓരോരുത്തരുടെയും തൊഴില്‍ കരാര്‍ കാലാവധിയുടെ നിജസ്ഥിതി സ്വയം പരിശോധിച്ചറിയാന്‍ തൊഴിലാളികളെ സഹായിക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം.

ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലുമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഈ പേജില്‍ കയറി തങ്ങളുടെ ഐ.ഡി കാര്‍ഡ് നമ്പറുകള്‍ നല്‍കിയാല്‍ ആര്‍ക്കും അവരവരുടെ തൊഴില്‍ വിസയുടെ കാലാവധിയും അതിന്റെ സാധുതയും തിരിച്ചറിയാം.

ഒരോരുത്തരുടെയും തൊഴില്‍ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുന്നത്. രാജ്യം വിടാന്‍ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായ അഞ്ച് ശതമാനം തൊഴിലാളികളുടെ പട്ടികയിലുണ്ടോയെന്ന കാര്യവും ഈ സംവിധാനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും.