‘ഒച്ചയുണ്ടാക്കാതെ അവിടെ ഇരുന്നോണം, ഇല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടും’; ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്: വീഡിയോ

single-img
11 November 2018

ഉത്തര്‍പ്രദേശിലെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ആജ്തക് ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് സംബിത് പത്ര വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ലക്‌നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര് ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്‌പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് മാറ്റിയതിനെ കുറിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാര്‍ ചോദിച്ചതോടെയാണ് ബിജെപി നേതാവിന് കലിയിളകിയത്.

ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണെന്ന് പത്ര മറുപടി നല്‍കി. തുടര്‍ന്ന് നിങ്ങളൊരു വിഷ്ണു ഭക്തനാണോ അല്ലാഹുവിന്റെ ഭക്തനാണോയെന്ന് പത്ര വഖാറിനോട് തിരിച്ചു ചോദിച്ചു. ഇതിന് മറുപടിയായി താന്‍ അല്ലാഹുവിനെ വിശ്വസിക്കുന്നയാളാണെന്നും എന്നാലും നിങ്ങളുടെ മതത്തെയും ബഹുമാനിക്കുന്നുണ്ടെന്നും വഖാര്‍ പറഞ്ഞു. ഇതില്‍ രോഷാകുലനായ സംബിത് പത്ര, എന്നാല്‍ ഒച്ചയുണ്ടാക്കരുതെന്നും അവിടെ ഇരിക്കണമെന്നും ഉറക്കെ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടുമെന്നും ഭീഷണി മുഴക്കുകയായിരുന്നു.

പത്രയുടെ ഭീഷണി ഇതിനകം സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. ഇതിന് മുമ്പും സംബിത് പത്ര വിദ്വേഷ പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യാ ടുഡേ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സംബിത് പത്ര രാഹുല്‍ ഗാന്ധിയെ നായ എന്നു വിളിച്ച് അപമാനിച്ചിരുന്നു. ഇതോടെ പരിപാടിയുടെ അവതാരകനായ രജ്ദീപ് സര്‍ദേശായിക്ക് മാപ്പ് പറയേണ്ടിയും വന്നു.