സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മീ ടു’ ഹ്രസ്വ ചിത്രം

single-img
11 November 2018

കഴിഞ്ഞ കുറെ ദിവസങ്ങളായി ‘മീ ടു’ ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഹോളിവുഡ് താരം അലൈസ മിലാനോ തുടങ്ങിവെച്ച ഈ പോരാട്ടം ലോകമെങ്ങും സ്ത്രീകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു നോട്ടം കൊണ്ടോ, വഷളന്‍ ചിരി കൊണ്ടോ, അക്രമിക്കപ്പെടാത്തൊരു പെണ്‍ജീവിതവും ഉണ്ടാവില്ല.

ജീവിതത്തിന്റെ എതെങ്കിലും ഒക്കെ അവസരങ്ങളില്‍ ഒരിക്കലെങ്കിലും ഒരു ദുരനുഭവം, അത് ചെറുതോ വലുതോ അനുഭവിക്കേണ്ടി വന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. അത്തരത്തിലുണ്ടായ സ്ത്രീയുടെ അനുഭവം ശക്തമായ ഭാഷയില്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച ഹ്രസ്വ ചിത്രമാണ് ‘മീ ടു.

അതിക്രൂരമായി മാനഭംഗപ്പെടുത്താന്‍ കാത്തുനിന്നവരോട് ഒരു സ്ത്രീ ചെയ്യുന്ന പ്രതികാരത്തിന്റെ കഥയാണ് മീ ടൂ എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. മദ്യലഹരിയില്‍ തന്നെ പിച്ചിച്ചീന്താനെത്തുന്നവരെ ബുദ്ധിപൂര്‍വം നേരിട്ട ധീരയായ യുവതിയാണ് ഈ കഥയിലെ നായിക.

ആ നരാധമന്മാരെ ആട്ടിപ്പായിക്കാന്‍ കാട്ടിയ അതേ മനോവീര്യത്തോടെ അവരുടെ മുഖം മൂടി പൊതുസമൂഹത്തിനു മുന്നില്‍ വലിച്ചു കീറാനും നായികാ കഥാപാത്രത്തിനാകുന്നുണ്ട്. മോശം അനുഭവങ്ങളുണ്ടായിയെന്ന് സ്ത്രീകള്‍ തുറന്നു പറയുമ്പോഴും തെളിവുകിട്ടിയാലേ ഞങ്ങളത് വിശ്വസിക്കൂവെന്ന ചുരുക്കംചില സദാചാരവാദികളുടെയും വായടപ്പിക്കാന്‍ പോന്ന തെളിവുകളുമായാണ് ആ യുവതി തന്റെ മോശം അനുഭവം പുറംലോകത്തോടു വിളിച്ചു പറയുന്നത്.

ഒരു കൊടിയ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടാണ് അമ്മ രാത്രിയില്‍ വീട്ടില്‍ എത്തിയതെന്ന് പോലും അറിയാത്ത പെണ്‍കുഞ്ഞിന്റെ മുന്നില്‍വച്ചാണ് അമ്മ തന്റെ ദുരനുഭവം ലോകത്തോടു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയത്. അതും ഇങ്ങനെയൊരു ദുരനുഭവം ഒരു പെണ്ണിനും ഒരു മകള്‍ക്കും ഉണ്ടാകരുതെന്ന നിശ്ചയ ദാര്‍ഢ്യത്തോടെ.

ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ധൈര്യപൂര്‍വ്വം തുറന്നു പറയാനാവണം. കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത്. അല്ലാതെ കുറ്റകൃത്യത്തിനു വിധേയരായവരല്ലെന്ന് സമൂഹം തിരിച്ചറിയുന്ന കാലത്തെ നിര്‍മ്മിക്കുന്നവര്‍ക്ക് ഈ ചിത്രം വലിയ ഒരു കൈതാങ്ങാണ്.

ചിത്രത്തില്‍ ഓരോ താരങ്ങളും അവരവരുടെ അഭിനയം മികച്ചതാക്കിയിട്ടുണ്ട്. സജിത സന്ദീപ്, അരുണ്‍ സോള്‍, ഷാജി എ ജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഥയും തിരക്കഥയും സുനില്‍ തൃശൂര്‍ നിര്‍വഹിച്ചിരിക്കുന്നു. ആന്‍ പ്രഭാതാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.