വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം, ഛത്തീസ്ഗഡില്‍ പരക്കെ മാവോയിസ്റ്റ് ആക്രമണം

single-img
11 November 2018

ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. അന്തഗഡ് ഗ്രാമത്തില്‍ തുടര്‍ച്ചയായ ഏഴു സ്‌ഫോടനങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തിയത്. അനന്തഗഡിനു പുറമെ ബിജാപുറിലും മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായി. മാവോയിസ്റ്റുകളില്‍ ഒരാളുടെ മൃതദേഹം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് നാളെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് ആറും സീറ്റുകളാണ് ഇവിടെ ലഭിച്ചത്.

വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത 40 ബൂത്തുകളുണ്ടായിരുന്നു. ബസ്തര്‍, രാജ്‌നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് പരമ്പരാഗതമായി മുന്‍തൂക്കം.

ദളിത് ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം തന്നെ കാരണം. മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവ് തന്നെ. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്.

മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ വിക്രം മാണ്ഡവിയെ 9000 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തിയ മഹേഷ് ഗഡ്കക്ക് ഇത് തുടര്‍ച്ചയായ മൂന്നാം മത്സരം. നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി.

എതിരാളി കോണ്‍ഗ്രസിന്റെ ചന്ദന്‍ സിംഗ് കശ്യപിനെ കഴിഞ്ഞ തവണ പന്ത്രണ്ടായിരം വോട്ടിന് തോല്‍പ്പിച്ച് സഭയിലെത്തിയ കേദാര്‍ കശ്യപിന് ഇത് രണ്ടാമൂഴം. സംസ്ഥാനത്ത് സിപിഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ചിലത് ബസ്തര്‍ മേഖലയിലാണ്. ദണ്ഡേവാഡ സീറ്റില്‍ ഒമ്പതിനായിരവും ചിത്രകൂട് സീറ്റില്‍ പതിനായിരവും ആയിരുന്നു കഴിഞ്ഞതവണ നോട്ടയുടെ എണ്ണം.