ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയെ യുഡിഎഫ് പിന്തുണക്കുമെന്ന് കെ.മുരളീധരന്‍

single-img
11 November 2018

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന മുരളീധരന്റെ പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കെ.മുരളീധരന്‍ പറഞ്ഞു. പകല്‍ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയെ യുഡിഎഫ് പിന്തുണക്കും. മുഖ്യമന്ത്രി ആചാരങ്ങളെ അനാചാരങ്ങളായി മുദ്ര കുത്തുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു. അതേസമയം വര്‍ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സവര്‍ണനും അവര്‍ണനും തമ്മിലുള്ള പോരാട്ടമല്ല ശബരിമലയിലേത്. ക്ഷേത്ര കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല, തന്ത്രിയും ആചാര്യന്‍മാരുമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ശബരിമല തീര്‍ത്ഥാനടത്തോട് സര്‍ക്കാരിന് അലര്‍ജിയെന്നും പാസ് എടുക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.