‘അമിത് ഷാ എന്നത് പേര്‍ഷ്യന്‍ പേര്; ആദ്യം നിങ്ങളുടെ നേതാവിന്റെ പേര് മാറ്റൂ’

single-img
11 November 2018

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് ചരിത്രകാരനും അലിഖര്‍ മുസ്‌ലിം സര്‍വകലാശാല പ്രൊഫസറുമായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ ഷാ എന്നത് പേര്‍ഷ്യയില്‍ നിന്ന് വന്നതാണെന്നും ഗുജറാത്തി അല്ലെന്നുമാണ് ഇര്‍ഫാന്‍ ഹബീബിന്റെ വാദം.

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് മാറ്റണമെന്ന് മുറവിളിക്കുട്ടുന്ന ബിജെപിക്കാര്‍ ആദ്യം സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഹബീബ് പറഞ്ഞു. യു.പിയില്‍ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

”ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ചാണ് ബി.ജെ.പിയുടെ നടപടികള്‍. അയല്‍ രാജ്യമായ പാകിസ്ഥാനെ പോലെ, ഇസ്‌ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും ശ്രമിക്കുന്നത്.” ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ‘ഗുജറാത്ത്’ എന്ന പേരും പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്ന് ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു. ‘ഗുജറാത്ര’ എന്നായിരുന്നു ആദ്യത്തെ പേര്. ബി.ജെ.പി ഈ പേരും മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പരിഹസിച്ചു.

അലഹാബാദ്, ഫൈസാബാദ് എന്നീ നഗരങ്ങളുടെ പേര് മാറ്റിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ആഗ്രയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം എല്‍ എ ജഗന്‍ പ്രസാദ് ഗാര്‍ഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിരുന്നു. ആഗ്രയെ ‘ആഗ്രവാന്‍’ എന്നോ ‘അഗര്‍വാള്‍’ എന്നോ പുനര്‍നാമകരണം ചെയ്യണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം.

ആഗ്ര എന്ന വാക്കിന് ഒരു അര്‍ത്ഥവുമില്ല. അതുകൊണ്ടുതന്നെ ആ പേരിന് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ആഗ്രക്ക് പുറമെ തെലങ്കാനയിലെ നഗരങ്ങള്‍ക്കും പുതിയ പേര് നല്‍കണമെന്ന് ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.