ബാക്കിലും ഡിസ്‌ക് ബ്രേക്കുമായി ബുള്ളറ്റ് വിപണിയിലെത്തി

single-img
11 November 2018

പിന്‍ ഡിസ്‌ക് ബ്രേക്കുള്ള ബുള്ളറ്റ് 350 മോഡലിനെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. രാജ്യത്തെ മുഴുവന്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും പുതിയ മോഡല്‍ ലഭ്യമാണ്. 1.28 ലക്ഷം രൂപയാണ് വില. പിറകില്‍ ഡിസ്‌ക് ബ്രേക്കുണ്ടെന്നതൊഴികെ പുതിയ ബുള്ളറ്റ് 350 മോഡലിന്റെ രൂപത്തിലോ, ഭാവത്തിലോ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.

അതേസമയം ഡിസ്‌ക് ബ്രേക്ക് സംവിധാനത്തിന് പിന്തുണ നല്‍കാന്‍ പ്രത്യേക ചതുര സ്വിംഗ്ആം ബൈക്കിലുണ്ട്. പിന്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചെങ്കിലും ബുള്ളറ്റ് 350 യ്ക്ക് (സ്റ്റാന്‍ഡേര്‍ഡ് 350) എബിഎസ് നല്‍കാന്‍ കമ്പനി ഇത്തവണയും തയ്യാറായില്ല. എയര്‍ കൂളിംഗ് സംവിധാനമുള്ള 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യുടെ ഹൃദയം.

എഞ്ചിന് 19.8 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. പ്രകടനക്ഷമതയില്‍ മാറ്റമില്ലെങ്കിലും പിന്‍ ഡിസ്‌ക് ബ്രേക്കുകളുടെ പ്രവര്‍ത്തനം മോഡലിന്റെ ബ്രേക്കിംഗ് മികവു കാര്യമായി കൂട്ടും. ടെലിസ്‌കോപിക് ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളുമാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 യില്‍ സസ്‌പെന്‍ഷന് വേണ്ടിയുള്ളത്.