ബിജെപിയുടെ രഥയാത്രയ്ക്ക് ആരു തടസ്സം നിന്നാലും അവരുടെ തല രഥചക്രത്തിനടിയില്‍ ചതഞ്ഞരയുമെന്നു ബിജെപി നേതാവ്

single-img
11 November 2018

ഡിസംബര്‍ 5, 6, 7 തീയതികളില്‍ ബംഗാളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രഥയാത്രയ്ക്ക് ആരു തടസ്സം നിന്നാലും അവരുടെ തല രഥചക്രത്തിനടിയില്‍ ചതഞ്ഞരയുമെന്നു ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നതെന്നും നടിയും ബംഗാളിലെ ബിജെപി വനിതാ വിഭാഗം അധ്യക്ഷയുമായ ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.

വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്കറ്റ് ചാറ്റര്‍ജി മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍, അസമിലെ പോലെ ബംഗാളിലും പൗരത്വ റജിസ്റ്റര്‍ വേണമെന്നു പറഞ്ഞത് വിവാദമായിരുന്നു. സംസ്ഥാനത്തേക്ക് ബംഗ്ലദേശില്‍നിന്ന് നിരവധി ആളുകള്‍ അതിക്രമിച്ചു കയറുന്നുവെന്നും ഇവര്‍ വിവിധ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നുമായിരുന്നു ലോക്കറ്റിന്റെ പരാമര്‍ശം.

അതേസമയം സംസ്ഥാനത്തെ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്നതിനു വേണ്ടിയാണ് ബിജെപി നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു. ‘ബംഗാളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ ഈ വിഭാഗീയ രാഷ്ട്രീയത്തെ തോല്‍പ്പിക്കും’.–- പാര്‍ഥ പറഞ്ഞു.