സംസ്ഥാനത്ത് ഓട്ടോചാര്‍ജ് മിനിമം 30 രൂപയാക്കാന്‍ ശുപാര്‍ശ

single-img
11 November 2018

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കണമെന്നും ടാക്‌സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നുമാണ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ധനവില അടിക്കടി ഉയരുന്നതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മിനിമം ചാര്‍ജില്‍ ഓടാവുന്ന ദൂരം ഒന്നര കിലോമീറ്റര്‍ തന്നെ. അതിന്‌ശേഷമുള്ള ഓരോ കിലോമീറ്ററിനും 10 രൂപയ്ക്ക് പകരം 12 രൂപ വീതം ഈടാക്കാം. 15 രൂപ ആക്കണമെന്നായിരുന്നു മോട്ടോര്‍ തൊഴിലാളി യൂണിയന്റ ആവശ്യം.

ടാക്‌സി ചാര്‍ജ് 150 കിലോമീറ്ററില്‍ നിന്ന് 200 രൂപയാക്കണം. ഈ തുകയില്‍ ഓടാവുന്ന ദൂരം അഞ്ചുകിലോമീറ്റര്‍. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. ഓണ്‍ലൈന്‍ ടാക്‌സികളെ നിയന്ത്രിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഇതേപടി അംഗീകരിക്കണോയെന്ന് മന്ത്രിസഭയോഗം തീരുമാനിക്കും. നിരക്ക് വര്‍ധിപ്പിക്കാത്തതിനെതിരെ 17 മുതല്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളികള്‍. 2014 ഏപ്രിലിലാണ് ഇതിന് മുമ്പ് ഓട്ടോടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്.